മലയാളി മുസ്ലിംസമൂഹത്തില്‍ സമരോത്സുകവായനക്ക് തുടക്കമിട്ട വാരിക --
ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തിന്റെ ദൌത്യം എത്രത്തോളം വിപുലമാണെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു രിസാലയുടെ ഓരോ ചുവടുവയ്പ്പുകളും. സാമ്പ്രദായിക ആനുകാലിക രീതികള്‍ പാടെ പൊളിച്ചെഴുതിക്കൊണ്ടുള്ള ഈ മുന്നേറ്റത്തില്‍, സംസ്കാരികരംഗത്തും രാഷ്ട്രീയ രംഗത്തും വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
സാംസ്കാരിക സാമ്രാജ്യത്വം എന്ന നിഗൂഢ സത്യത്തെ മറനീക്കികാണിച്ചും, ഇസ്ലാമിക മതനവീകരണ പ്രസ്ഥാനങ്ങള്‍ എന്നു സ്വയം വിളിക്കപ്പെടുന്നവയുടെ സാമ്രാജ്യത്വബന്ധങ്ങള്‍ വെളിപ്പെടുത്തിയും, രാഷ്ട്രീയകാപട്യത്തിനെതിരെ യുവതുര്‍ക്കികളെ പടച്ചട്ടയണിയിച്ചും, മാധ്യമ പ്രസ്ഥാനത്തിന്റെ കീഴാള / ന്യൂനപക്ഷ വിശകലനങ്ങളെ പൊളിച്ചടുക്കിയും പത്രം അതിന്റെ പ്രയാണം ചരിത്രസംഭവമാക്കി. മുഖ്യധാരാ മാധ്യമങ്ങള്‍ തൊടാനറച്ചു നിന്ന വിഷയങ്ങള്‍ നിര്‍ഭയമായി തൊട്ടു എന്നു മാത്രമല്ല, മുഖ്യധാരയെക്കൊണ്ട് അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യിപ്പിച്ചും രിസാല അതിന്റെ ധിഷണാപരമായ മൂല്യത്തെ അര്‍ത്ഥവത്താക്കി.
എടുത്തു പറയേണ്ട വിപ്ളവം തന്നെയായിരുന്നു കേരള മുസ്ലിം നവോത്ഥാനചരിത്രത്തില്‍ വന്നിട്ടുള്ള വിപ്ളവകരമായ തിരുത്ത്. അതുവരെ ആഘോഷിക്കപ്പെട്ട നവോത്ഥാനചരിത്രത്തിന്റെ ഗര്‍ഭഗൃഹത്തിനുതന്നെ ചവിട്ടേറ്റു. ഒടുവില്‍ ചരിത്രം അതിന്റെ സ്വഭാവം കാണിച്ചു; നവോത്ഥാനം അതിന്റെ മൂലക്കല്ലില്‍ നിന്നുതന്നെ വായിക്കപ്പെട്ടേ പറ്റൂവെന്ന നിലവന്നു. പൊന്നാനിയും മമ്പുറവും വെളിയങ്കോടും ചരിത്രവായനയുടെ അടിക്കല്ലുകളായി മാറി. പരമ്പരാഗത പണ്ഡിത•ാരുടെ ചരിത്രങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കപ്പെട്ടു. അവരുടെ പര്‍ണശാലകള്‍ ചരിത്രത്തിന്റെ വിപ്ളവകേന്ദ്രങ്ങളാണെന്ന് തെളിയിക്കപ്പെട്ടു.
വായനയുടെ ഈ സമരഭൂമികയില്‍ മാറ്റത്തിന്റെ ആരവങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ രിസാലയുടെ വായനാവൃത്തം വിദേശങ്ങളിലേക്കുകൂടി വിപുലമാവുകയാണ്. വ്യത്യസ്ത രൂപഭാവങ്ങളോടെ ഗള്‍ഫ് രാഷട്രങ്ങളിലെ വായനക്കാര്‍ക്ക് കൂടി ലഭ്യമാക്കിക്കൊണ്ട് അത് പുതിയൊരു നാഴികക്കല്ലു നാട്ടിയിരിക്കുന്നു; പ്രവാസി രിസാല. മറുവായനയുടെയും മറുത്തൊരു വായനയുടെയും നിലക്കാത്ത ശബ്ദവുമായി.